ഡിജിറ്റൽ മാർക്കറ്റിംഗ്(Digital Marketing) പരമ്പരാഗത മാർക്കറ്റിംഗ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു സ്ഥാപനം ഏതൊക്കെ മാർക്കറ്റിംഗ് രീതി സ്വീകരിക്കണം അല്ലെങ്കിൽ സ്വീകരിക്കരുത് എന്ന് തത്സമയം മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൻറെ ഒരു മേന്മ.
ഏതൊക്കെ സമ്പ്രദായങ്ങളിൽ, അല്ലെങ്കിൽ എന്ത് വിഷയത്തിൽ ആളുകൾ തൽപ്പരരാണ് എന്നൊക്കെ ഉള്ള കാര്യം ഡിജിറ്റൽ മാർക്കറ്റിംഗ് വൈദഗ്ദ്ധ്യമുള്ളവർ പല രീതിയിൽ നിരീക്ഷിച്ചു കൊണ്ടിരിക്കും.
ഡിജിറ്റൽ മാർക്കറ്റിങ്ങുമായി ഏറ്റവും അടുത്ത മാധ്യമം ഇന്റർനെറ്റ് തന്നെയാണ്. അതുപോലെ തന്നെ ഉപയോഗപ്രദമായ മറ്റു മാധ്യമങ്ങളാണ് മൊബൈൽ മെസ്സേജിംഗ്, വയർലെസ്സ് ടെക്സ്റ്റ് മെസ്സേജിംഗ്, മൊബൈൽ ആപ്പുകൾ, പോഡ്കാസ്റ്റുകൾ, ബിൽബോർഡുകൾ, ഡിജിറ്റൽ ടെലിവിഷനുകൾ, റേഡിയോ ചാനലുകൾ മുതലായവ.
ഇന്റർനെറ്റ് മാർക്കറ്റിംഗ്(Internet Marketing)
ഭൂമിയിൽ നിന്ന് സ്വർണം ഖനനം ചെയ്‌തെടുക്കും പോലെയാണ് ഇന്റർനെറ്റ് മാർക്കറ്റിംഗ്(Digital Marketing). 97 ശതമാനം ആളുകളും ചെളിയിൽ സ്വർണത്തിനായി തപ്പി പരാതിപ്പെടുമ്പോൾ 3 ശതമാനം ആളുകൾക്ക് മാത്രമാണ് വളരെ ചെറിയ രീതിയിലെങ്കിലും സ്വർണ അയിരുകൾ കിട്ടുന്നത്. ഇവർ ലക്ഷ്യബോധത്തോടെ വിദഗ്ധമായി പ്രവർത്തിക്കുന്നവരായിരിക്കും. ഇതുപോലെയാണ് ഇന്റർനെറ്റ് മാർക്കറ്റിംഗും. വളരെ കുറഞ്ഞ ചിലവിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്താൻ പറ്റിയ വിപണന തന്ത്രമാണ് ഇത്. ടെലിവിഷൻ, റേഡിയോ, ബിൽബോർഡുകൾ, വർത്തമാന പത്രങ്ങൾ, മാസികകൾ തുടങ്ങിയ പരമ്പരാഗത മാർക്കറ്റിംഗ് തന്ത്രങ്ങളേക്കാൾ ഇന്ന് ഏവരും ഇന്റർനെറ്റ് മാർക്കറ്റിംഗിന്റെ വഴിയെ തിരിയാൻ തുടങ്ങിയിട്ടുണ്ട്. ഇന്റർനെറ്റ് വ്യാപനം അതിന്റെ തുടക്കത്തിലായതുകൊണ്ടുതന്നെ ഈ മേഖലയിൽ തൊഴിൽപരമായും വ്യവസായപരമായും സാധ്യതകൾ ഏറെയാണ്.
ലോകം ഡിജിറ്റൽ യുഗത്തിൽ നിന്ന് ഇന്റർനെറ്റ് യുഗത്തിലേക്കും ക്ലൗഡ് കംപ്യൂട്ടിംഗിന്റെ കാലത്തിലേക്കും കടന്നതോടെ സമൂലമായ മാറ്റങ്ങളാണ് മനുഷ്യരുടെ കാഴ്ചപ്പാടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ മാർക്കറ്റിംഗ് രീതികളിലും മാറ്റം അനിവാര്യമാണ്. ഇവിടെയാണ് ഓൺലൈൻ മാർക്കറ്റിംഗ് അഥവാ ഇന്റർനെറ്റ് മാർക്കറ്റിംഗിന്റെ പ്രസക്തി.
ഡിജിറ്റൽ മാർക്കറ്റിംഗിനെ പ്രധാനമായും രണ്ടായി തരംതിരിക്കാം,
1. പരമ്പരാഗത മാർക്കറ്റിംഗ്(ട്രെഡീഷണൽ മാർക്കറ്റിംഗ്)
2. ഓൺലൈൻ മാർക്കറ്റിംഗ്
എന്താണ് ഓൺലൈൻ മാർക്കറ്റിംഗ്?
ഉല്പ്പന്നങ്ങളോ സേവനങ്ങളോ ഇന്റർനെറ്റ് വഴി പരസ്യം ചെയ്യുകയോ മാർക്കറ്റ് ചെയ്യുകയോ ചെയ്യുന്നതിനെയാണ് ഓൺലൈൻ മാർക്കറ്റിംഗ്(OLM) എന്ന് പറയുന്നത്. ചിലർ വെബ്മാർക്കറ്റിംഗ് എന്നും ഓൺലൈൻ മാർക്കറ്റിംഗ് അഥവാ ഇന്റർനെറ്റ് മാർക്കറ്റിംഗിനെ പറയാറുണ്ട്. വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, ഇമെയ്ൽ, സാമൂഹിക മാധ്യമങ്ങൾ (Social Media), ഫോറംസ്, മൊബൈൽ ഫോണുകൾ എന്നിവയെല്ലാം ഓൺലൈൻ മാർക്കറ്റിംഗിനായി നമുക്ക് ഉപയോഗിക്കാം.
പരമ്പരാഗത മാർക്കറ്റിംഗും ഓൺലൈൻ മാർക്കറ്റിംഗും തമ്മിലുള്ള വ്യത്യാസം
ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റി ഉല്പന്നങ്ങൾ കച്ചവടം ചെയ്യുകയോ തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുകയോ ചെയ്ത് ബിസിനസ് ലാഭകരമാക്കുകയാണ് പരമ്പരാഗത മാർക്കറ്റിംഗിലും ഓൺലൈൻ മാർക്കറ്റിംഗിലും ചെയ്യുന്നത്. എന്നാൽ, എത്രപേർ കണ്ടുവെന്നോ അനൂകൂലമായോ പ്രതികൂലമായോ പ്രതികരിച്ചുവെന്നോ അറിയാൻ പരമ്പരാഗത മാർക്കറ്റിംഗ് മാധ്യമങ്ങളിലൂടെ കഴിയില്ല. അതേസമയം ഓൺലൈൻ മാർക്കറ്റിംഗിൽ എല്ലാകാര്യങ്ങളും കൃത്യമായി മനസ്സിലാക്കാൻ നമുക്ക് സാധിക്കും.

Difference between Traditional and Online Marketing
ചെലവ് കുറവ് എന്നതിലുപരി വേഗത്തിലും കാര്യക്ഷമമായും ബ്രാൻഡ് മൂല്യം ഉയർത്താൻ ഓൺലൈൻ മാർക്കറ്റിംഗിന് കഴിയും.
ബിസിനസിന്റെ സ്വഭാവമനുസരിച്ച് തന്ത്രങ്ങൾ(Digital Strategy) മെനഞ്ഞ് പരസ്യങ്ങൾ ഉണ്ടാക്കി വലിയ വിജയങ്ങൾ നേടാനാവുന്ന എന്നതും പരമ്പരാഗത മാർക്കറ്റിംഗിൽ നിന്നും ഓൺലൈൻ മാർക്കറ്റിംഗിനെ വ്യത്യസ്തമാക്കുന്നു.
എന്താണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൻറെ പ്രാധാന്യം?
എവിടെയും എപ്പോഴും ഒരു ഉപഭോക്താവിന് ലഭ്യമായ രീതിയിൽ സർവവ്യാപിയാണല്ലോ ഈ കാലത്ത് ഡിജിറ്റൽ മീഡിയ. പണ്ടൊക്കെ നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഏതു സ്വഭാവത്തിലാണ് എന്നുള്ള കാര്യം നിങ്ങളോട് നേരിട്ട് ബന്ധപ്പെടുമ്പോൾ മാത്രമായിരുന്നു ജനങ്ങളിലെക്കെത്തിയിരുന്നത്.
പക്ഷെ ഇന്ന് അതല്ല സ്ഥിതി. വാർത്തകൾ, ഷോപ്പിംഗ്, വിനോദ-ആഘോഷങ്ങൾ തുടങ്ങിയ ഒരുപാട് സംഗതികളാൽ വളർന്നു വികസിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡിജിറ്റൽ മീഡിയ. അത് കൊണ്ട് തന്നെ നിങ്ങളുടെ കമ്പനി നിങ്ങളുടെ ബ്രാന്റിനെക്കുറിച്ച് പറയുന്നതിനേക്കാൾ ഉപരിയായി ഉപഭോക്താക്കൾക്ക് മറ്റു രീതിയിൽ (അതായത് മാധ്യമങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവർ മുഖേന) വിവരങ്ങൾ ലഭിച്ചു കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ നിങ്ങൾ പറയുന്നതിനേക്കാൾ അവർ കൂടുതൽ വിശ്വസിക്കുക ഇവരെയായിരിക്കും.
ജനങ്ങൾ അവർക്കറിയുന്ന അല്ലെങ്കിൽ വിശ്വസിക്കാവുന്ന ബ്രാന്റുകളെ മാത്രമേ ആശ്രയിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അവരുമായി നല്ല രീതിയിൽ സംവദിക്കുന്ന, അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പെരുമാറുന്ന കമ്പനികൾ കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്യും.
കൂടുതൽ വൈദഗ്ധ്യത്തോടെ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് നിങ്ങൾക്ക് മുന്നേറണോ, എങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ സാധന സേവനങ്ങളെ ഉപഭോക്താക്കളുടെ മുൻപിൽ അമൂല്യവും ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കണം. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് നിങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഫലപ്രദമല്ല എങ്കിൽ നിങ്ങളുടെ ബിസിനസ്സിനു പുതിയ ഉപഭോക്താക്കളെ കിട്ടാതെ വരും. ഒരുവേള നിലവിലുള്ള ഉപഭോക്താക്കൾ തന്നെ നഷ്ടപ്പെടാനും അത് വഴി മാർക്കറ്റിൽ നിങ്ങളുടെ മത്സര ക്ഷമത നഷ്ടപ്പെടാനും ഇടയാവുന്നു.
ഡിജിറ്റൽ മാർക്കറ്റിംഗ് ഫലപ്രദമാവാൻ താഴെ പറയുന്ന അഞ്ചു കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്.
1. രൂപരേഖ (Strategy/Plan) തയ്യാറാക്കുക
ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്റെ മുമ്പ് നിങ്ങളുടെ ബിസിനസ്സ് കൈവരിക്കേണ്ട നേട്ടങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിൻറെ ശരിയായ ധാരണ രൂപീകരിക്കണം. മുൻകൂട്ടിയുള്ള ഒരു ലക്ഷ്യം ആസൂത്രണം ചെയ്യുക വഴി നിങ്ങളുടെ ബിസിനസിന് ശരിയായ രീതിയിൽ തന്നെ മുമ്പോട്ടു കൊണ്ട് പോകാൻ സാധിക്കുന്നു.
നിങ്ങൾക്ക് ഇതിനായി ബ്ലോഗുകൾ, എസ്.ഇ.ഓ (SEO), സോഷ്യൽ മീഡിയ, Content Marketing, വെബിനാറുകൾ തുടങ്ങി യുക്തിപരമായ ഒരുപാട് മാർഗങ്ങൾ സ്വീകരിക്കാം. ഇതിനായി മുകളിൽ പറഞ്ഞ എല്ലാ സമ്പ്രദായങ്ങളും ഒരേസമയം സ്വീകരിക്കണം എന്ന് നിർബന്ധമില്ല. പക്ഷെ നിങ്ങളുടെ ബിസിനസിൻറെ ഉയർച്ചക്ക് സഹായിക്കുന്ന ശരിയായ മാർഗം സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
2. നിങ്ങളുടെ കമ്പനിയുടെ വെബ്സൈറ്റ് തയ്യാറാക്കൂ
സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി ഉപഭോക്താക്കൾ കൂടുതൽ സമയം ചെലവഴിക്കുന്ന ഈ കാലത്ത് വെബ്സൈറ്റ് ഒരു അത്യന്താപേക്ഷിതമായ സംഗതി തന്നെയാണ്. നിങ്ങളുടെ ബിസിനസ്സിൻറെ വിവരങ്ങൾ ഉപഭോക്താവിന് മനസ്സിലാക്കാനുള്ള ഒരു ഉപാധി എന്നതിനേക്കാളെറെ, അവരുമായി സംവദിക്കാനുള്ള ഒരു മാധ്യമമായി വെബ്സൈറ്റ് മാറേണ്ടതുണ്ട്.
നിങ്ങളുടെ വെബ്സൈറ്റ് മൊബൈലിലും ഉപയോക്തൃ സൌഹൃദ (User friendly) മായിരിക്കണം. എന്നാൽ മാത്രമേ ഓൺലൈൻ ബിസിനസ്സുകൾ പോലെയുള്ള സംഗതികൾ കൂടുതൽ നല്ല രീതിയിൽ ചെയ്യാൻ കഴിയൂ..
3. സോഷ്യൽ മീഡിയയിൽ സജീവമാകുക
പരസ്യം ചെയ്യുന്നതിനും ആശയവിനിമയം നടത്തുന്നതിനും നൂതനമായ മേഖലകൾ തേടുന്ന ഒരു സ്ഥിതി വിശേഷം സോഷ്യൽ മീഡിയയുടെ വരവോടെ സംജാതമായിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ബിസിനസ്സിനെ കുറിച്ചുള്ള അവബോധം വളരെ പെട്ടെന്ന് തന്നെ വലിയ ഒരു വിഭാഗം ജനങ്ങളിൽ എത്തിക്കാൻ സാധിക്കും. നിങ്ങളുടെ ബിസിനസ്സിൻറെ വിശ്വാസ്യത വർധിപ്പിച്ച് അതിലൂടെ ഉപഭോക്താവുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും കഴിയുന്നു.
മുൻപ് പറഞ്ഞ പോലെ തന്നെ ഇതിനായി Instagram, Google+, ITunes, YouTube, Scribd, Yahoo പോലെയുള്ള എല്ലാ മീഡിയകളും ഒരേസമയം സ്വീകരിക്കേണ്ടതില്ല. പക്ഷെ നിങ്ങളുടെ ഉപഭോതാവ് ഉപയോഗിക്കുന്ന മീഡിയ ഏതാണെന്ന് മനസ്സിലാക്കി വേണ്ട മാർഗം സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
4. SEO അതുപോലെ ഓൺലൈൻ പരസ്യങ്ങൾ
ഒരു വെബ്സൈറ്റ് അല്ലെങ്കിൽ വെബ്പേജ് സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ചുള്ള വെബ് തിരച്ചിലുകളിൽ പെട്ടെന്ന് കണ്ടെത്തപ്പെടുകയും അത് വഴി കൂടുതൽ സന്ദർശകരെ ആ വെബ്സൈറ്റിലേക്ക് എത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ അഥവാ എസ്.ഇ.ഒ (SEO). സാധാരണഗതിയിൽ തിരച്ചിൽ ഫലത്തിൽ മുന്നിലെത്തുന്നതും, കൂടുതലായി തിരച്ചിൽ ഫലങ്ങളിൽ വരുന്നതും സെർച്ച് എഞ്ചിൻ വഴി കൂടുതൽ സന്ദർശകരെ ലഭിക്കുന്നതിന് കാരണമാകുന്നു.
സെർച്ച് എഞ്ചിനുകളുടെ പ്രവർത്തന രീതി, ആൾക്കാർ എന്തൊക്കെ തിരയുന്നു, തിരച്ചിലിനായി ഉപയോഗിക്കപ്പെടുന്ന പദങ്ങൾ, ഏതൊക്കെ സെർച്ച് എഞ്ചിനുകളാണ് ലക്ഷ്യംവയ്ക്കപ്പെട്ടിരിക്കുന്ന വിഭാഗം ആൾക്കാർ പരിഗണിക്കുന്നത് തുടങ്ങിയവ ഇന്റർനെറ്റ് വിപണനതന്ത്രമനുസരിച്ച് എസ്.ഇ.ഒ. യിൽ പരിഗണിക്കുന്നു. നിങ്ങൾ ചെയ്യുന്ന SEO നിങ്ങളുടെ പ്രതിയോഗിയുടെതിനെക്കാൾ മികച്ചതല്ലെങ്കിൽ അവർ കൂടുതൽ നേട്ടമുണ്ടാക്കും.
ഓൺലൈൻ പരസ്യങ്ങളും നിങ്ങളുടെ വെബ്സൈറ്റിലെക്ക് ആളുകളെ എത്തിക്കുന്ന നല്ല ഒരു ഉപാധിയാണ്. നിങ്ങളുടെ വെബ്സൈറ്റിൽ എന്തൊക്കെ വിശദാംശങ്ങൾ വേണം എന്നുള്ളത് നിങ്ങളുടെ വെബ്സൈറ്റ് ആരൊക്കെ, എവിടെ നിന്നൊക്കെ സന്ദർശനം നടത്തുന്നു എന്നൊക്കെയുള്ള വിവരങ്ങൾ ശേഖരിച്ചു തീരുമാനിക്കാൻ സാധിക്കും.
5. ബ്ലോഗുകളും വെബിനാറുകളും വീഡിയോകളും
നിങ്ങളുടെ കമ്പനിയുടെ പുതിയ പ്രോഡക്റ്റുകളും സേവനങ്ങളും എന്തൊക്കെയാണെന്നും മറ്റുമുള്ള വിവരങ്ങൾ ആളുകളെ അറിയിക്കാനും അതുപോലെ ഉപഭോക്താവുമായിട്ടുള്ള ബന്ധം ഊഷ്മളമാക്കാനും ബ്ലോഗുകളിലൂടെ സംവദിക്കുന്നത് വഴി സാധ്യമാവുന്നു. നിങ്ങളുടെ വെബ്സൈറ്റിലേക്ക് ആളുകളെ ആകർഷിക്കാനും ബ്ലോഗുകൾ സഹായകമാണ്.
വെബ്‌സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാറുകളെയാണ് വെബിനാറുകൾ എന്ന് പറയുന്നത്. ഇതും അതുപോലെ വീഡിയോകളും വളരെ ഉപയോഗപ്രദമാണ്.
ഡിജിറ്റൽ മാർക്കറ്റിംഗ് എന്തിന് ചെയ്യണം?
ഉപയോക്താവുമായി നല്ല രീതിയിൽ ആശയ സംവാദം നടത്തുന്ന വീഡിയോകളും ഇൻഫോഗ്രാഫിക്കുകളും ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്യും. അതുവഴി നിങ്ങളുടെ കമ്പനി അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ അവരുടെ നിത്യജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറുന്നു. ഫലമോ നിങ്ങളുടെ കമ്പനിയുടെ ബിസിനസ്സ് വർദ്ധിക്കുകയും ലാഭത്തിലാവുകയും ചെയ്യുന്നു.
നിങ്ങളുടെ ബിസിനസ്സ് ഓൺലൈനിലും അല്ലാതെയും ചലനാത്മകമായി നിലനിർത്താൻ ഡിജിറ്റൽ മാർക്കറ്റിംഗ് അത്യന്താപേക്ഷിതമാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. ഡിജിറ്റൽ സാങ്കേതിക വിദ്യ എത്രത്തോളം ചലനാത്മകമാണോ അത്രത്തോളം തന്നെ ആയിരിക്കണം നിങ്ങളുടെ മാർക്കറ്റിംഗ് രീതികളും.